Monday, August 2, 2010

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 8




The Mystery of Picasso (1956)

by

Henri-Georges Clouzot

ഒരു മഹത്തായ കലാസ്ര്യഷ്ടിയുടെ പിറവിയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിയ്ക്കുകയാണെന്നു വിചാരിയ്ക്കുക. സൃഷ്ടി നടത്തുന്നത് ബീധോവനോ,മോസാര്ടോ , വാന്ഗോഗോ, അതോ മറ്റേതെങ്കിലും പ്രതിഭാധനന്മാരായ കലാകാരന്മാരോ ആണെന്ന് വിചാരിയ്ക്കുക. സര്‍ഗസ്രിഷ്ടിയുടെ മുഹൂര്‍ത്തത്തില്‍ അവര്‍ എങ്ങനെ ആകും പെരുമാറുക?എന്തായിരിക്കാം മനസിലൂടെ കടന്നു പോകുന്ന വികാര വിചാരങ്ങള്‍? എങ്ങനെയൊക്കെ ആയിരിക്കാം അവരുടെ മനസ്സിലുള്ള ചിന്തകള്‍ക്ക് നമ്മള്‍ ഇന്ന് കാണുന്ന, കേള്‍ക്കുന്ന, അനുഭവിയ്ക്കുന്ന രൂപത്തില്‍ ആവിഷ്ക്കാരം കിട്ടിയത്? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള ഒരു അന്വേഷണം ആണ് ചിത്രം.

ഇവിടുത്തെ കലാകാരന്‍ പാബ്ലോ പികാസ്സോ ആണ്. തന്റെ സ്നേഹിതന്‍ കൂടിയായ പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഹെന്‍ട്രി ജോര്‍ജ് ക്ലുസോയ്ക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ഇരുപതു ചിത്രങ്ങള്‍ പികാസ്സോ വരയ്ക്കുന്നു. പ്രകാശം കടന്നു വരാന്‍ അനുവദിയ്ക്കുന്ന അര്‍ദ്ധസുതാര്യമായ കാന്‍വാസുകളില്‍ ആണ് പികാസ്സോ വരയ്ക്കുന്നത്. കാന്‍വാസുകളുടെ പിറകില്‍ അദ്ദേഹത്തിന്റെ ഏകാഗ്രതയ്ക്ക് ഒരു തരത്തിലും ഭംഗം വരാത്ത രീതിയില്‍ കാമറ വെച്ച് ക്ലുസോ ഷൂട്ട്‌ ചെയ്യുന്നു. ഒരുക്കി വെച്ചിരിയ്ക്കുന്ന കാമറയുടെ മുന്നില്‍ സിനിമയ്ക്കുവേണ്ടി ചിത്രരചന നടത്തുന്ന പിക്കാസോയുടെ ജീനിയസിന്റെ വിവിധ വശങ്ങള്‍ നമ്മുടെ മുന്നില്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുന്നു.

ചിത്രത്തിലെ മനോഹരമായ ഒരു സന്ദര്‍ഭത്തില്‍, ക്യാമറയിലെ ഫിലിം സ്റ്റോക്ക്‌ തീരാന്‍ പോകുന്നു എന്ന് ക്യാമറമാന്‍ പികാസ്സോയ്ക്ക് ഒരു വാണിംഗ് കൊടുക്കുന്നു. ഇനി എത്ര അടി ഫിലിം അവശേഷിയ്ക്കുന്നുണ്ട് എന്ന് പികാസ്സോ അയാളോട് ആരായുന്നു. അതിനനുസരിച്ച് ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ വര്‍ക്കിന്റെ വേഗത അദ്ദേഹം ക്രമീകരിയ്ക്കുന്നു. ഫിലിം തീരുന്നതിനു മുന്‍പുള്ള അവസാനനിമിഷം മായികവും അപ്രതീക്ഷിതവും ആയ ചില ബ്രഷ് സ്ട്രോക്കുകളിലൂടെ അതുവരെ ചെയ്തുകൊണ്ടിരുന്ന പെയിന്റിംഗ് തികച്ചും വിത്യസ്തമായ മറ്റൊന്നാക്കി അദ്ദേഹം മാറ്റുന്നു .ആ ഒരൊറ്റ നിമിഷത്തിലെ ഇടപെടല്‍ മൂലം അതുവരെ കണ്ടീഷന്‍ ചെയ്യപ്പെട്ടു നിന്ന നമ്മുടെ ബോധമണ്ഡലത്തെ അദ്ദേഹം തകിടം മറിയ്ക്കുന്നു.

എന്നിട്ട് അദ്ദേഹം പറയുന്നു: "It's ruined. I have ruined the painting and yet at the same time it's improving."

സിനിമയ്ക്ക് വേണ്ടി ചെയ്ത ഈ ഇരുപതു ചിത്രങ്ങളും പികാസ്സോ തന്നെ പിന്നീട് നശിപ്പിയ്ക്കുകയുണ്ടായി . അവ ഫിലിമില്‍ മാത്രം അവശേഷിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫ്രഞ്ച് സര്‍ക്കാര്‍ പിന്നീട് ഈ ചിത്രം ഒരു "നാഷണല്‍ ട്രഷര്‍" ആയി പ്രഖ്യാപിച്ചു.


No comments:

Post a Comment