Monday, August 23, 2010

മഹാത്മാ ഗ്രന്ഥശാല തൃപ്പൂണിത്തുറ - ഓണാഘോഷവും ചലച്ചിത്രമേളയും

മഹാത്മാ ഗ്രന്ഥശാല തൃപ്പൂണിത്തുറ

ഓണാഘോഷവും ചലച്ചിത്രമേളയും


2010 ആഗസ്റ്റ്‌ 24,25,26

മഹാത്മാ ഗ്രന്ഥശാലയില്‍


പ്രിയ സുഹൃത്തുക്കളെ

മഹാത്മാ ഗ്രന്ഥശാലയുടെയും അതിന്റെ ഉപസമിതികളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിയ്ക്കുകയാണ്
വനിതാ വിഭാഗമായ ഭാവനയും മഹാത്മാ ഫിലിം ക്ലബും പ്രധാന പങ്കു വഹിയ്ക്കുന്നു.

ആഗസ്റ്റ്‌ 24 ചൊവ്വ വൈകിട്ട്

3 മണി മുതല്‍

ലളിത ഗാന മത്സരം

നാടന്‍ പാട്ട് മത്സരം


വൈകിട്ട് 5 മണി

ഉദ്ഘാടന സമ്മേളനം

ഉദ്ഘാടനം

ജോണ്‍ പോള്‍
പ്രശസ്ത തിരക്കഥാകൃത്ത്

അധ്യക്ഷ

അഡ്വ.രഞ്ജിനി സുരേഷ്
ചെയര്‍ പേഴ്സണ്‍

ആശംസ

തനൂജ എസ.
സന്തോഷ്‌ കാര്‍ത്തികേയന്‍
സി. എസ. രാജലക്ഷ്മി

തുടര്‍ന്ന് 6 മണിയ്ക്ക്

മഹാത്മാ ഫിലിം ക്ലബ് പ്രദര്‍ശിപ്പിയ്ക്കുന്ന സിനിമ


സൂഫി പറഞ്ഞ കഥ

പ്രിയനന്ദനന്‍

Monday, August 16, 2010

ഓണം ചലച്ചിത്ര മേള - ആഗസ്റ്റ്‌ 24,25,26,തീയതികളില്‍

മഹാത്മാ ഫിലിം ക്ലബിന്റെ ഓണം ചലച്ചിത്ര മേള ഈ വരുന്ന ആഗസ്റ്റ്‌ 24,25, 26, തീയതികളില്‍ മഹാത്മാ ലൈബ്രറിയില്‍ വെച്ച് സംഘടിപ്പിയ്ക്കുന്നു. പ്രദര്ശിപ്പിയ്ക്കുന്ന ചിത്രങ്ങള്‍

  • സൂഫി പറഞ്ഞ കഥ - by Priyanandanan
  • യതി- ദി പോസ്‌ ഇന്‍ ബിറ്റ്വീന്‍ (Yathi: The Pause in Between) - by Satheesh Mullackal
  • യുഗപുരുഷന്‍ - by R.Sukumaran

Wednesday, August 4, 2010

മഹാത്മാ ഫിലിം ക്ലബ് - ഒരു മുഖവുര

വിവിധങ്ങളായ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിരവധി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും തൃപ്പൂണിത്തുറ സമ്പന്നമാണ് കഴിഞ്ഞ എഴുപത്തഞ്ചിലധികം വര്‍ഷങ്ങളായി തൃപ്പൂണിത്തുറയുടെ സാംസ്കാരിക രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചു നിറഞ്ഞു നില്‍ക്കുന്ന പ്രസ്ഥാനമാണ് മഹാത്മാ ലൈബ്രറി. ആധുനിക കാലത്ത് മനുഷ്യനെ ഏറ്റവും അധികം സ്വാധീനിയ്ക്കുന്ന കലയായ സിനിമയ്ക്ക് വേണ്ടിയുള്ള ഒരിടം തൃപ്പൂണിത്തുറയില്‍ ഒഴിഞ്ഞു കിടക്കുകയായിരുന്നു. കുറവ് നികത്തുകയാണ് മഹാത്മാ ഗ്രന്ഥശാല.

മഹാത്മാ ലൈബ്രറിയുടെ ഉപവിഭാഗമായി രണ്ടായിരത്തി ഒന്‍പതില്‍ രൂപം കൊണ്ടതാണ് മഹാത്മാ ഫിലിം ക്ലബ് . 26.12.2009 നു ഫെഫ്കയുടെ ജനറല്‍ സെക്രടറി ആയ പ്രശസ്ത സംവിധായകന്‍ ശ്രീ. ബി. ഉണ്ണികൃഷ്ണന്‍ ആണ് ഫിലിം ക്ലബ് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം നടത്തിയ വിന്റര്‍ ഫിലിം ഫെസ്സ്റ്റിവല്‍ അടക്കം പത്തു സിനിമകള്‍ ഞങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കുകയുണ്ടായി.

ഇനിയും കാല, ദേശ, ഭാഷാ ഭേദങ്ങളില്ലാതെ നല്ലതും വിത്യസ്തവും ആയ സിനിമകള്‍ ജനങ്ങളില്‍ എത്തിയ്ക്കാന്‍ ഞങ്ങള്‍ക്ക് കടമയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിയ്ക്കുന്നു.



Tuesday, August 3, 2010

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 10


by
Hou Hsiao-Hsiyen



Flowers of Shanghaiഎന്ന ചിത്രത്തിലൂടെ പ്രസിദ്ധനായ ഹൂ സിയാവോ സിയെന്‍ സംവിധാനം ചെയ്ത ഈ ചിത്രം, രണ്ടു യുവാക്കള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാരിയായ ഒരു ബാര്‍ പരിചാരികയുടെ കഥ പറയുന്നു. ഹവോ ഹാവോ എന്നാ അസൂയാലുവും കിറുക്കനുമായ തന്റെ കാമുകനും പണമുണ്ടാക്കുന്നതില്‍ മാത്രം താല്‍പ്പര്യമുള്ള ജാക്ക് എന്ന ക്രിമിനലിനുമിടയില്‍ പെട്ട് ജീവിതം ശിഥിലമാകുന്ന വിക്കി എന്ന യുവതിയാണ് ഈ ചിത്രത്തിലെ നായിക.മദ്യവും, മയക്കുമരുന്നും, സെക്സും, മാഫിയകളും നിറയുന്ന ആധുനിക തായ്‌പെയ് നഗരത്തിന്റെ അരാജകമായ രാത്രി ജീവിതത്തിന്റെ നേര്‍ കാഴ്ചയാണ് ഈ ചിത്രം.

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 9





ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ ദേശീയ വിമോചനത്തിനായി പൊരുതി മരിച്ച ധീര വിപ്ലവകാരി ചെഗുവേരയുടെ വിപ്ലവ പ്രവര്‍ത്തനങ്ങളും ജീവിതവും അനാവരണം ചെയ്യുന്ന സിനിമയാണ് ജോഷ്‌ ഇവാന്‍സ് സംവിധാനം ചെയ്ത 'ചെ.'

ചെയെ കുറിച്ച് പുറത്തിറങ്ങിയിട്ടുള്ള നിരവധി ചിത്രങ്ങളെ വെച്ച് താരതമ്യം ചെയ്തു നോക്കുമ്പോള്‍ ഏറ്റവും മോശം എന്ന് വിശേഷിപ്പിയ്ക്കാവുന്ന ചിത്രമാണ് ഇത്.താരതമ്യം ഇല്ലാതെ കലാസൃഷ്ടികളുടെ ആസ്വാദനം സാധ്യമല്ല എന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ സ്ടീവെന്‍ സോടര്‍ബര്‍ഗിന്റെ രണ്ടായിരത്തി എട്ടില്‍ രണ്ടു ഭാഗങ്ങളിലായി പുറത്തു വന്ന ചെയെ കുറിച്ചുള്ള ചിത്രങ്ങള്‍ ഒക്കെ ഈ ചിത്രതിനെക്കാളും വളരെ മികച്ചതാണെന്ന് പറയേണ്ടി വരും.
ഒരു മഹാനായ വിപ്ലവകാരിയുടെ സങ്കീര്‍ണ്ണവും സംഭവ ബഹുലവുമായ ജീവിതം ആവിഷ്ക്കരിയ്ക്കുമ്പോള്‍ നിശ്ചയമായും ചെയ്തിരിക്കേണ്ട ഹോംവര്‍ക്ക് ഈ ചിത്രത്തിന് വേണ്ടി ചെയ്തതായി ചിത്രത്തില്‍ കാണുന്നില്ല.ചിത്രത്തിന് വേണ്ടി നിങ്ങള്ക്ക് എടുക്കേണ്ടി വന്ന പ്രയത്നം ചിത്രത്തിലാണ് അന്തിമമായി പ്രതിഫലിയ്ക്കേണ്ടത്.അത് കാണികളിലെയ്ക്ക് പകരുന്നില്ല എന്ന വളരെ ദുഖകരമായ അവസ്ഥയാണ് ഈ ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ എനിയ്ക്ക് തോന്നിയത്.

അഭിനയിയ്ക്കാന്‍ അറിയാം എന്ന് തെളിയിച്ചിട്ടുള്ള നോറിയേഗയെ പോലുള്ള ഒരു നടന്‍ ഉണ്ടായിട്ടു പോലും ഈ ചിത്രം എല്ലാ രംഗത്തും മൂക്ക് കുത്തി വീഴുകയാണ്. ഒരു കളഞ്ഞു കുളിച്ച അവസരം!



Monday, August 2, 2010

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 8




The Mystery of Picasso (1956)

by

Henri-Georges Clouzot

ഒരു മഹത്തായ കലാസ്ര്യഷ്ടിയുടെ പിറവിയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിയ്ക്കുകയാണെന്നു വിചാരിയ്ക്കുക. സൃഷ്ടി നടത്തുന്നത് ബീധോവനോ,മോസാര്ടോ , വാന്ഗോഗോ, അതോ മറ്റേതെങ്കിലും പ്രതിഭാധനന്മാരായ കലാകാരന്മാരോ ആണെന്ന് വിചാരിയ്ക്കുക. സര്‍ഗസ്രിഷ്ടിയുടെ മുഹൂര്‍ത്തത്തില്‍ അവര്‍ എങ്ങനെ ആകും പെരുമാറുക?എന്തായിരിക്കാം മനസിലൂടെ കടന്നു പോകുന്ന വികാര വിചാരങ്ങള്‍? എങ്ങനെയൊക്കെ ആയിരിക്കാം അവരുടെ മനസ്സിലുള്ള ചിന്തകള്‍ക്ക് നമ്മള്‍ ഇന്ന് കാണുന്ന, കേള്‍ക്കുന്ന, അനുഭവിയ്ക്കുന്ന രൂപത്തില്‍ ആവിഷ്ക്കാരം കിട്ടിയത്? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയുള്ള ഒരു അന്വേഷണം ആണ് ചിത്രം.

ഇവിടുത്തെ കലാകാരന്‍ പാബ്ലോ പികാസ്സോ ആണ്. തന്റെ സ്നേഹിതന്‍ കൂടിയായ പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഹെന്‍ട്രി ജോര്‍ജ് ക്ലുസോയ്ക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നില്‍ വെച്ച് ഇരുപതു ചിത്രങ്ങള്‍ പികാസ്സോ വരയ്ക്കുന്നു. പ്രകാശം കടന്നു വരാന്‍ അനുവദിയ്ക്കുന്ന അര്‍ദ്ധസുതാര്യമായ കാന്‍വാസുകളില്‍ ആണ് പികാസ്സോ വരയ്ക്കുന്നത്. കാന്‍വാസുകളുടെ പിറകില്‍ അദ്ദേഹത്തിന്റെ ഏകാഗ്രതയ്ക്ക് ഒരു തരത്തിലും ഭംഗം വരാത്ത രീതിയില്‍ കാമറ വെച്ച് ക്ലുസോ ഷൂട്ട്‌ ചെയ്യുന്നു. ഒരുക്കി വെച്ചിരിയ്ക്കുന്ന കാമറയുടെ മുന്നില്‍ സിനിമയ്ക്കുവേണ്ടി ചിത്രരചന നടത്തുന്ന പിക്കാസോയുടെ ജീനിയസിന്റെ വിവിധ വശങ്ങള്‍ നമ്മുടെ മുന്നില്‍ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുന്നു.

ചിത്രത്തിലെ മനോഹരമായ ഒരു സന്ദര്‍ഭത്തില്‍, ക്യാമറയിലെ ഫിലിം സ്റ്റോക്ക്‌ തീരാന്‍ പോകുന്നു എന്ന് ക്യാമറമാന്‍ പികാസ്സോയ്ക്ക് ഒരു വാണിംഗ് കൊടുക്കുന്നു. ഇനി എത്ര അടി ഫിലിം അവശേഷിയ്ക്കുന്നുണ്ട് എന്ന് പികാസ്സോ അയാളോട് ആരായുന്നു. അതിനനുസരിച്ച് ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ വര്‍ക്കിന്റെ വേഗത അദ്ദേഹം ക്രമീകരിയ്ക്കുന്നു. ഫിലിം തീരുന്നതിനു മുന്‍പുള്ള അവസാനനിമിഷം മായികവും അപ്രതീക്ഷിതവും ആയ ചില ബ്രഷ് സ്ട്രോക്കുകളിലൂടെ അതുവരെ ചെയ്തുകൊണ്ടിരുന്ന പെയിന്റിംഗ് തികച്ചും വിത്യസ്തമായ മറ്റൊന്നാക്കി അദ്ദേഹം മാറ്റുന്നു .ആ ഒരൊറ്റ നിമിഷത്തിലെ ഇടപെടല്‍ മൂലം അതുവരെ കണ്ടീഷന്‍ ചെയ്യപ്പെട്ടു നിന്ന നമ്മുടെ ബോധമണ്ഡലത്തെ അദ്ദേഹം തകിടം മറിയ്ക്കുന്നു.

എന്നിട്ട് അദ്ദേഹം പറയുന്നു: "It's ruined. I have ruined the painting and yet at the same time it's improving."

സിനിമയ്ക്ക് വേണ്ടി ചെയ്ത ഈ ഇരുപതു ചിത്രങ്ങളും പികാസ്സോ തന്നെ പിന്നീട് നശിപ്പിയ്ക്കുകയുണ്ടായി . അവ ഫിലിമില്‍ മാത്രം അവശേഷിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഫ്രഞ്ച് സര്‍ക്കാര്‍ പിന്നീട് ഈ ചിത്രം ഒരു "നാഷണല്‍ ട്രഷര്‍" ആയി പ്രഖ്യാപിച്ചു.


പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 7


ടോട്സി


by

ഗാവിന്‍ ഹൂഡ്‌




ലോകമെങ്ങുമുള്ള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന സൌത്ത് ആഫ്രികന്‍ ചിത്രമാണ് "ടോട്സി". ഒരു ക്രൈമിന്റെയും അതില്‍ നിന്നുള്ള ആത്മീയമായ പരിവര്തനതിന്റെയും കഥ പറയുന്ന ചിത്രത്തില്‍ ജോഹന്നാസ്ബര്‍ഗിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന ടോട്സി എന്ന യുവാവാണ് കേന്ദ്ര കഥാപാത്രം.ടോട്സിയെസംബന്ധിച്ച് അതിജീവനം എന്നതില്‍ കവിഞ്ഞു ജീവിതത്തിനു മറ്റൊരര്‍ധമില്ലജീവിതത്തിന്റെ നിസ്സഹായാവസ്ഥയില്‍, ഒരു രാത്രി, ടോട്സിഒരു സ്ത്രീയുടെ കാര്‍ മോഷ്ടിയ്ക്കുന്നു. കാര്‍ ഓടിച്ജു പോകുന്ന നേരം, കാറിന്റെ പിന്‍സീറ്റില്‍ നിന്ന് ആ സ്ത്രീയുടെ കുഞ്ഞിന്റെ കരച്ചില്‍ ഉയരുന്നത് അയാള്‍ കേള്‍ക്കുന്നു. അവന്റെ ജീവിതം തന്നെ അതോടു കൂടി, തികച്ചും അപ്രതീക്ഷിതമായി, അവനു സങ്കല്പ്പിയ്ക്കാന്‍ പോലും കഴിയാത്ത രീതിയില്‍, വഴി മാറി ഒഴുകാന്‍ തുടങ്ങുന്നു.


അമേരിക്കന്‍ ഫിലിം ഇന്സ്ടിട്യുട്ടിന്റെ ഫെസ്ടിവലിലെമികച്ച കഥാചിത്രം, ടോരോന്ടോ ഫെസ്ടിവലിലെ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ്‌, എഡിന്‍ബറോഫെസ്ടിവലിലെ പ്രേക്ഷക അവാര്‍ഡ്‌, ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള രണ്ടായിരത്തി അഞ്ചിലെ ഓസ്കാര്‍ അവാര്‍ഡ്‌ എന്നിവ നേടിയ ടോട്സി അസാധാരണമായ ഒരു ദ്രിശ്യാനുഭവമാണ്


പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 6



by

Michael Radford

ഒസ്കാരിലെതടക്കം ഇരുപത്തിയൊന്നു അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ നേടിയ പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്രമാണ് "ദി പോസ്റ്റുമാന്‍ ". തന്റെ പ്രണയം തിരിച്ചരിയപ്പെടുന്നതിനും സ്വീകരിയ്ക്കപ്പെടുന്നതിനും വേണ്ടിയുള്ള ഒരു ചെറുപ്പക്കാരന്റെ പരിശ്രമത്തിന്റെ ഹൃദയവും മറക്കാനാവാത്തതുമായ ചിത്രീകരണമാണ് ഈ ചിത്രം.

രാഷ്ട്രീയ കാരണങ്ങളാല്‍ കുറേക്കാലം ഇറ്റലിയിലെ ഒരു ദ്വീപില്‍ നിര്‍ബന്ധിത പ്രവാസ ജീവിതം നയിക്കേണ്ടി വന്ന പ്രശസ്ത ചിലിയന്‍ കവി പാബ്ലോ നെരുദയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇല്‍ പോസ്ടിനോ. ദ്വീപില്‍ കവിയ്ക്കു കാതുകള്‍ എത്തിച്ചുകൊടുക്കേണ്ട ജോലി മരിയോ രുവോപോലോ എന്ന ചെറുപ്പക്കാരനെ തേടിയെത്തുന്നു. അയാള്‍ സുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലാണ്. നെരുദയുമായുള്ള കണ്ടുമുട്ടല്‍ അയാളുടെ ജീവിതത്തെയും രാഷ്ട്രീയ വിശ്വാസത്തെയും തന്നെ മാറ്റി മറിയ്ക്കുന്നു. നെരുദ അയാള്‍ക്ക്‌ കവിതയുടെ രഹസ്യം എന്താണെന്ന് വിശദീകരിച്ചുകൊടുക്കുന്നു. അതോടു കൂടി പ്രണയവും കവിതയും വിശ്വാസവും ഒക്കെകൂടി ഒരുമിച്ചു മരിയോയുടെ ജീവിതത്തെ കീഴ്പ്പെടുത്തുന്നത് നാം കാണുന്നു.

പ്രവാസം മതിയാകി ചിലിയിലേക്ക് മടങ്ങിപ്പോകുന്ന നെരുദ വര്‍ഷങ്ങള്‍ക്കു ശേഷം ദ്വീപിലേയ്ക്ക് മരിയോയെ കാണാന്‍ വേണ്ടി മടങ്ങി വരുന്നുണ്ട്. മരിയോ തന്റെ ജീവന്‍ ബലി കൊടുത്തിരുന്നു.പക്ഷെ നേരുദയ്ക്കുള്ളസമ്മാനമായി മരിയോ തന്റെ ടേപ്പ് ഉപയോഗിച്ച് റിക്കോര്ഡ് ചെയ്ത ഒരു "കവിത " സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു.

ഒരു ജീനിയസ്സും ഒരു സാധാരണ മനുഷ്യനും തമ്മിലുള്ള അസാധാരണമായ സ്നേഹബന്ധമാണ് അടിമുടി കാവ്യാത്മകമായ ഈ ചിത്രത്തിന്റെ കാതല്‍. ഫിലിപ്പി നോയിരെ (സിനിമ പരദൈസോ),
മസ്സിമോ ട്രോസ്സി എന്നെ നടന്മാരുടെ അതുല്യമായ പ്രകടനം കൊണ്ടും ഉജ്ജ്ല്വലമായ സംവിധാനമികവു കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം.

തന്റെ ആരോഗ്യത്തെയും ഹൃദയ ശസ്ത്രക്രിയ ഉടന്‍ ചെയ്യണം എന്നുള്ള ഡോക്ടര്‍മാരുടെ ശാസനകളേയും അവഗണിച്ചു ഈ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടി യെത്നിച്ച
മസ്സിമോ ട്രോസ്സി ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ മരണപ്പെട്ടത് ഒരു ദുരന്തമായി മാറി.




പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 5



by

Yang Zhang


സുഹൃത്തുക്കളായ സാവേയും ലിയുവും മദ്യപിച്ചിരിയ്ക്കുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ലിയു മരിയ്ക്കുന്നു. അയാളുടെ മൃതദേഹം വീട്ടില്‍ എത്തിയ്ക്കാന്‍ സാവേ ചൈനയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സഞ്ചരിയ്ക്കുകയാണ്. കൈവശം വളരെ കുറച്ചു പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രയ്ക്കിടയില്‍ മൂല്യങ്ങളും ധാര്‍മ്മികതയും മരിച്ചു കൊണ്ടിരിയ്ക്കുന്നൊരു സമൂഹത്തിലെ എല്ലാത്തരം മനുഷ്യരെയും സാവേ കണ്ടുമുട്ടുന്നു. ചില സമയത്ത് അയാള്‍ കൂടുതല്‍ കുഴപ്പങ്ങളിലെയ്ക്ക് ചെന്ന് ചാടുന്നു. മറ്റു ചിലപ്പോള്‍ താന്‍ കണ്ടു മുട്ടുന്ന മനുഷ്യരെ അയാള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിയ്ക്കുന്നു.

ചൈനീസ് സംവിധായകനായ യാംഗ് ഷാംഗിന്റെ രണ്ടായിരത്തിയേഴില്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ലളിതമായും തത്വചിന്താപരമായും പുനരാവിഷ്ക്കരിയ്ക്കുന്നു. ഈ ചിത്രം രണ്ടായിരത്തിയേഴില്‍ തിരുവനന്തപുരത്ത് നടന്ന 12th ഐ.എഫ്. എഫ്. കെ. യിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു ഏറ്റവും നല്ല ചിത്രത്തിനുള്ള നെട്പാക്(NETPAC) അവാര്‍ഡു നേടി. ആ വര്ഷം ഏറ്റവും മികച്ച ചിത്രം എന്ന് പ്രതിനിധികള്‍ തിരഞ്ഞെടുത്ത ചിത്രവും ഇത് ഇത് തന്നെയായിരുന്നു.


പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 4


Knife in the Water - Roman Polanski (1962)


ലോക പ്രശസ്ത പോളിഷ് ചലച്ചിത്ര സംവിധായകനായ റൊമാന്‍ പോലാന്‍സ്കി സംവിധാനം ചെയ്ത ചിത്രമാണിത്. അദ്ദേഹത്തെ അന്താരാഷ്‌ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ആദ്യ ഫീച്ചര്‍ ചിത്രമാണിത്.

ഒരു വാരാന്ത്യം ആഘോഷിയ്ക്കുവാനായി ബോട്ടിംഗ് തെരഞ്ഞെടുക്കുന്ന ദമ്പതികള്‍ പേര് പോലും അറിയാത്ത ഒരു ചെറുപ്പക്കാരനെ കൂടി അവരോടൊപ്പം കൂട്ടുന്നു. തികച്ചും വിത്യസ്തരായ മൂന്നു മനുഷ്യര്‍ ഒരുമിച്ചു കൂടുമ്പോള്‍ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംഘര്‍ഷമാണ് ഈ സിനിമയുടെ കാതല്‍. കണ്ടു മുട്ടുന്ന നിമിഷം മുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷം കൂടെയുള്ള സ്ത്രീയുടെ സാന്നിധ്യത്തില്‍ വിചിത്ര മാനങ്ങള്‍ കൈവരിയ്ക്കുന്നു.

ആകെ മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ ചിത്രം ഏറ്റവും മികച്ച വിദേശ ചിത്രത്തിനുള്ള 1963 ലെ ഓസ്കാര്‍ നോമിനേഷന്‍ നേടി. 1963 ലെ ബുക്കാരെസ്റ്റ് ചലച്ചിത്ര മേളയിലെ ഗോള്‍ഡന്‍ വൂള്‍ഫ് അവാര്‍ഡും ഈ ചിത്രം നേടുകയുണ്ടായി.


Sunday, August 1, 2010

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 3


രാമന്‍
ബൈ
ഡോ.ഡി.ബിജു



സാമൂഹ്യ പ്രതിബദ്ധതയും കലാമൂല്യവും ഒത്തുചേരുന്ന ചിത്രങ്ങളെടുക്കുന്ന മലയാളത്തിലെ പുതുതലമുറയിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകരില്‍ ഒരാളാണ് ഡോ.ബിജു.അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ 'സൈറ' രണ്ടായിരത്തിയേഴിലെ കാന്‍ ഫിലിം ഫെസ്ടിവലിലെ ലോകസിനിമാ വിഭാഗത്തിലെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു പ്രശംസകള്‍ നേടുകയുണ്ടായി. ഡോ.ബിജുവിന്റെ രണ്ടാമത്തെ ചിത്രമാണ് ആഗോളവല്‍ക്കരണം പ്രമേയമാക്കുന്ന രാമന്‍. ചിത്രം രണ്ടായിരത്തി ഒന്‍പതിലെ കയ്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിയ്ക്കുകയുണ്ടായി.

ആഗോളവല്‍ക്കരണത്തിന്റെ നീരാളി കൈകള്‍ നമ്മുടെ സമൂഹത്തിലേയ്ക്ക് കടന്നു വന്നു വിവിധ വിഭാഗങ്ങളിലുള്ള സാധാരണ മനുഷ്യരുടെ സാധാരണ ജീവിതങ്ങളെ അടിമുടി മാറ്റിക്കലയുന്നതെങ്ങിനെ എന്ന് ചിത്രം കാണിച്ചു തരുന്നു.
രാമന്‍ എന്ന ഊമയായ ചായക്കട തൊഴിലാളിയുടെയും ദിയ രാമന്‍ എന്ന തികച്ചും നാഗരികമായ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരു പത്ര പ്രവര്തകയുടെയും ചിത്രീകരനതിലൂടെ തികച്ചും വ്യതസ്തമായ രണ്ടു ജീവിതാവസ്ഥകളെ ചിത്രം അവതരിപ്പിയ്ക്കുന്നു.
ഒരു ദേശത്തിന്റെ സാമ്പത്തികവും സാംസ്കാരികവും സാമൂഹികവും ആയ അസ്തിത്വത്തെ ആഗോളവല്‍ക്കരണവും അതിന്റെ ഗുണഭോക്താക്കളായ വികസിത രാഷ്ട്രങ്ങളും ചേര്‍ന്ന് തകര്‍ക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രം.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചരിത്രത്തെക്കുറിച് ദിയ രാമന്‍ ചെയ്യുന്ന ഡോക്കുമെന്ററി ചിത്രത്തിലെ പ്രധാന നരറ്റിവിനു സമാന്തരമായി നീളുന്ന മറ്റൊന്നായി മാറുന്നു. ഇങ്ങനെ ഒരു വിഷയത്തില്‍ തന്നെയുള്ള രണ്ടു കഥകളുടെ സമാന്തരമായ ചിത്രീകരണം രാമനെ ഒരു മികച്ച പരീക്ഷണ ചിത്രമാക്കി മാറ്റുന്നു.
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ അനൂപ്‌ ചന്ദ്രനാണ് രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.