Saturday, July 31, 2010

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 2



Maradona By Kusturica (2008)

കാന്‍ ഫിലിം ഫെസ്റ്റിവലിലെ പരമോന്നത ബഹുമതിയായ പാം ഡി ഓര്‍ രണ്ടു തവണ കരസ്ഥമാക്കിയ പ്രശസ്ത സെര്‍ബിയന്‍ ചലച്ചിത്ര സംവിധായകനായ എമീര്‍ കസ്തൂരിക്കയുടെ ഡോകുമെന്ററി ഫിലിം ആണ് മറഡോണ. ഗ്രഹത്തിലെ ഏറ്റവും പരിചിതമായ മുഖങ്ങളില്‍ ഒന്ന് എന്ന് വാഴ്ത്തപ്പെടുന്ന , ഫുട്ബാളിന്റെ ദൈവം എന്ന് ആരാധകര്‍ വാഴ്ത്തിപ്പാടുന്ന ഡിയാഗോ അര്മാണ്ടോ മറഡോണയുടെ വശ്യവും, വിചിത്രവും, വിവാദപരവുമായ ജീവിതമാണ് ഈ സിനിമയുടെ വിഷയം.

കസ്തൂരിക്കയുടെ തന്നെ വാക്കുകളില്‍ ഈ സിനിമ, "ഷൂട്ടിങ്ങിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയ മൂന്നു മറഡോണമാരെ കുറിച്ചുള്ളതാണ്. ജീനിയസായ കളിക്കാരന്‍, അമേരിക്കയുടെ അധിനിവേശ രാഷ്ടരീയാതെ നിശിതമായി എതിര്‍ക്കുന്ന പൌരന്‍, ഒരു തികഞ്ഞ കുടുംബസ്നേഹിയായ പച്ച മനുഷ്യന്‍"


ചെഗുവേരയെയും കാസ്ട്രോയെയും ശരീരത്തില്‍ പച്ചകുത്തി നടക്കുന്ന ഈ മനുഷ്യന്‍ ലാറ്റിനമേരിക്കയുടെ പൊതുവായ വിപ്ലവധാരയെ പ്രതിനിധീകരിയ്ക്കുന്നതെങ്ങനെ എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. അതെ സമയം തന്റെ അരാജകമായ ജീവിത ശൈലിയിലൂടെ അദ്ദേഹം ഒരു പ്രഹേളികയായി മാറുന്ന കാഴ്ചയും ഈ ചിത്രത്തില്‍ കാണാം. ഈ വൈരുധ്യങ്ങളുടെയും ഭ്രമാത്മകതകളുടെയും അങ്ങേയറ്റമാണ് അദ്ദേഹത്തെ ദൈവമാക്കിക്കൊണ്ട് രൂപീകരിയ്ക്കപ്പെട്ട 'ഇഗ്ലസിയാ മറഡോണിയാന 'എന്ന മതവും അതിന്റെ വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും.





















പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 1



The Sea Inside ( Mar‍ Adentro)

by

Alejandro Amenabar


"എന്റെ സിനിമകള്‍ ഉത്തരങ്ങളുടെതല്ല; ചോദ്യങ്ങളുടെതാണ് " എന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രശസ്ത സ്പാനീഷ് ചലച്ചിത്ര സംവിധായകനായ അമീനബാരിന്റെ കൃതിയാണ് ദി സീ ഇന്‍സൈഡ് . ഏറ്റവുംമികച്ച വിദേശ ചിത്രത്തിനുള്ള രണ്ടായിരത്തഞ്ചിലെ ഓസ്കാര്‍ പുരസ്കാരം അടക്കം അറുപതോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ ചിത്രം വാരിക്കൂട്ടുകയുണ്ടായി.ഇതേ കാലയളവില്‍ തന്നെ വിവിധ അവാര്‍ഡുകള്‍ക്കായി മുപ്പതോളം നോമിനേഷനുകളും ഈ ചിത്രം നേടുകയുണ്ടായി.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ഒരപകടത്തെ തുടര്‍ന്നു ശരീരം തളര്‍ന്നു പോവുകയും പിന്നീടുള്ള നീണ്ട ഇരുപത്തെട്ടു വര്‍ഷങ്ങള്‍ മറ്റൊരാളുടെ സഹായത്തോടെ തന്റെ ജീവിതം അവസാനിപ്പിയ്ക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുകയും ചെയ്ത രാമോണ്‍ സാംപ്രിടോയുടെ ജീവിത കഥയാണ് ഈ ചിത്രം. രണ്ടു സ്ത്രീകള്‍ അയാളുടെ ജീവിതവുമായി ബന്ധപ്പെട്ടു വരുന്നുണ്ട് ഈ ചിത്രത്തില്‍. ജൂലിയ എന്ന വക്കീല്‍ ദയാവധത്തിന് വേണ്ടിയുള്ള അയാളുടെ പോരാട്ടത്തിനു പിന്തുണ നല്‍കുമ്പോള്‍, റോസാ എന്ന മറ്റേ സ്ത്രീ ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണെന്നു അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്നു. മരിയ്ക്കാന്‍ ആഗ്രഹമുള്ളവനാനെങ്കിലും താന്‍ ജീവിതത്തിന്റെ അര്‍ത്ഥവും മൂല്യവും കണ്ടെത്തിയവന്‍ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക്‌ കഴിയുന്നു. സ്വയം അനങ്ങാന്‍ കഴിയാത്തവനെങ്കിലും മറ്റുള്ളവരുടെ മനസ്സിലും ജീവിതത്തിലും ചലനങ്ങള്‍ ഉണ്ടാക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു. ഓസ്കാര്‍ ജേതാവായ ഹാവിയര്‍ ബാര്‍ദെം ആണ് സംപ്രിടോ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

നമ്മുടെ കാലത്തെയും ഇനി വരാനുള്ള കാലത്തെയും ഒരു പ്രധാന
അസ്തിത്വ പ്രശ്നത്തെ സിനിമ അപഗ്രധിയ്ക്കുന്നു. അതായതു ഒരാള്‍ക്ക്
തന്റെ ജീവിതം സ്വയം അവസാനിപിയ്ക്കാനുള്ള അവകാശം ഉണ്ടോ
എന്നുള്ള പ്രശ്നം.ഓസ്കാര്‍ ജേതാവായ ഹാവിയര്‍ ബാര്‍ദെമിന്റെ
അതുല്യമായ അഭിനയം ചിത്രത്തിന്റെ പ്രത്യീകതയാണ്.