Saturday, July 31, 2010

പ്രദര്‍ശിപ്പിച്ച സിനിമകള്‍ - 1



The Sea Inside ( Mar‍ Adentro)

by

Alejandro Amenabar


"എന്റെ സിനിമകള്‍ ഉത്തരങ്ങളുടെതല്ല; ചോദ്യങ്ങളുടെതാണ് " എന്ന് പ്രഖ്യാപിച്ചിട്ടുള്ള പ്രശസ്ത സ്പാനീഷ് ചലച്ചിത്ര സംവിധായകനായ അമീനബാരിന്റെ കൃതിയാണ് ദി സീ ഇന്‍സൈഡ് . ഏറ്റവുംമികച്ച വിദേശ ചിത്രത്തിനുള്ള രണ്ടായിരത്തഞ്ചിലെ ഓസ്കാര്‍ പുരസ്കാരം അടക്കം അറുപതോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ ചിത്രം വാരിക്കൂട്ടുകയുണ്ടായി.ഇതേ കാലയളവില്‍ തന്നെ വിവിധ അവാര്‍ഡുകള്‍ക്കായി മുപ്പതോളം നോമിനേഷനുകളും ഈ ചിത്രം നേടുകയുണ്ടായി.

ഇരുപത്തഞ്ചാമത്തെ വയസ്സില്‍ ഒരപകടത്തെ തുടര്‍ന്നു ശരീരം തളര്‍ന്നു പോവുകയും പിന്നീടുള്ള നീണ്ട ഇരുപത്തെട്ടു വര്‍ഷങ്ങള്‍ മറ്റൊരാളുടെ സഹായത്തോടെ തന്റെ ജീവിതം അവസാനിപ്പിയ്ക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുകയും ചെയ്ത രാമോണ്‍ സാംപ്രിടോയുടെ ജീവിത കഥയാണ് ഈ ചിത്രം. രണ്ടു സ്ത്രീകള്‍ അയാളുടെ ജീവിതവുമായി ബന്ധപ്പെട്ടു വരുന്നുണ്ട് ഈ ചിത്രത്തില്‍. ജൂലിയ എന്ന വക്കീല്‍ ദയാവധത്തിന് വേണ്ടിയുള്ള അയാളുടെ പോരാട്ടത്തിനു പിന്തുണ നല്‍കുമ്പോള്‍, റോസാ എന്ന മറ്റേ സ്ത്രീ ജീവിതം ജീവിച്ചു തീര്‍ക്കാനുള്ളതാണെന്നു അയാളെ ബോധ്യപ്പെടുത്താന്‍ ശ്രമിയ്ക്കുന്നു. മരിയ്ക്കാന്‍ ആഗ്രഹമുള്ളവനാനെങ്കിലും താന്‍ ജീവിതത്തിന്റെ അര്‍ത്ഥവും മൂല്യവും കണ്ടെത്തിയവന്‍ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക്‌ കഴിയുന്നു. സ്വയം അനങ്ങാന്‍ കഴിയാത്തവനെങ്കിലും മറ്റുള്ളവരുടെ മനസ്സിലും ജീവിതത്തിലും ചലനങ്ങള്‍ ഉണ്ടാക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നു. ഓസ്കാര്‍ ജേതാവായ ഹാവിയര്‍ ബാര്‍ദെം ആണ് സംപ്രിടോ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

നമ്മുടെ കാലത്തെയും ഇനി വരാനുള്ള കാലത്തെയും ഒരു പ്രധാന
അസ്തിത്വ പ്രശ്നത്തെ സിനിമ അപഗ്രധിയ്ക്കുന്നു. അതായതു ഒരാള്‍ക്ക്
തന്റെ ജീവിതം സ്വയം അവസാനിപിയ്ക്കാനുള്ള അവകാശം ഉണ്ടോ
എന്നുള്ള പ്രശ്നം.ഓസ്കാര്‍ ജേതാവായ ഹാവിയര്‍ ബാര്‍ദെമിന്റെ
അതുല്യമായ അഭിനയം ചിത്രത്തിന്റെ പ്രത്യീകതയാണ്.



















No comments:

Post a Comment